ഇന്ത്യയിൽ കൊറോണ വൈറസ് വാക്സിനുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ആരംഭിക്കാനിരുന്ന മൂന്നാംഘട്ട പരീക്ഷണങ്ങൾ നിർത്തിവെയ്ക്കുകയാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ഫാർമ മേജർ അസ്ട്രാസെനെക്കയ്‌ക്കൊപ്പം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചു കൊണ്ടിരുന്ന കൊറോണ വൈറസ് വാക്സിനായ കോവിഷീൽഡ് നിർമ്മിച്ചിരുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. യു.കെയിൽ വാക്സിൻ പരീക്ഷണം നടത്തിയ ഒരാളിൽ പ്രതികൂലമായ ചില ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയായി നാല് രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം നിർത്തി.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഇന്നലെ രാജ്യത്തെ ഡ്രഗ് കൺട്രോളർ ഡിസിജിഐ ഒരു കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു, മറ്റു സ്ഥലങ്ങളിൽ നിർത്തിവെച്ചിട്ടും ഇന്ത്യയിൽ എന്തുകൊണ്ടാണ് കോവിഡ് വാക്സിൻ പരീക്ഷണം തുടരുന്നത് എന്നാണ് നോട്ടീസിൽ ചോദിച്ചത്. യുകെയിലെ രോഗിയുടെ ലക്ഷണങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് എന്തുകൊണ്ടാണ് ലഭിക്കാത്തതെന്നും ഡിസിജിഐ ചോദിച്ചു.
“ഞങ്ങൾ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണ്, അസ്ട്രാസെനെക്ക പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നത് വരെ ഇന്ത്യയുടെ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തുകയാണ്,” സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ 17 സൈറ്റുകളിലായി 1,600 വോളന്റിയർമാരിൽ പരീക്ഷണ കുത്തിവെയ്പ്പ് നടത്തേണ്ടതായിരുന്നു, അടുത്തയാഴ്ച ഇത് ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
“ഞങ്ങൾ ഡിസിജിഐയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നു, മാത്രമല്ല പരീക്ഷണങ്ങളെ കുറിച്ച് കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് ഡിസിജിഐയുമായി ബന്ധപ്പെടാവുന്നതാണ്,” പ്രസ്താവനയിൽ പറഞ്ഞു.