ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്‌സഭാ സ്പീക്കറുമായ ശിവരാജ് പാട്ടീലിൻ്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കർ ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ സാന്നിധ്യത്തിലാണ് അർച്ചന ബിജെപി അംഗത്വം സ്വീകരിച്ചത്.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവാൻകുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അർച്ചന ബിജെപി അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്‌ച ഫഡ്‌നാവിസിന്റെ സൗത്ത് മുംബൈയിലെ അദ്ദഹത്തിന്റെ വസതിയായ സാഗറിൽ എത്തി അർച്ചന കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവരാജ് പാട്ടീലിൻ്റെ അടുത്ത അനുയായിയും മുൻ സംസ്ഥാന മന്ത്രിയുമായ ബസവരാജ് മുറുംകറിനൊപ്പം തിങ്കളാഴ്ച ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നതായി അർച്ചന പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
മകളുടെ വിവാഹമായതിനാൽ തീരുമാനം വൈകിപ്പിക്കുകയായിരുന്നു.
അതേസമയം രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കാനാണ് ബിജെപിയിൽ ചേർന്നതെന്ന് അംഗത്വം സ്വീകരിച്ച ശേഷം അർച്ചന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരീശക്തി വന്ദൻ അധിനിയം തന്നെ ഏറെ സ്വാധീനിച്ചു. ലാത്തൂരിൽ ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ബിജെപിയ്ക്കെക്കൊപ്പവും താഴെത്തട്ടിൽ പ്രവർത്തിക്കുമെന്നും അർച്ചന വ്യക്തമാക്കി. ഒരിക്കലും ഔദ്യോഗികമായി കോൺഗ്രസിൻ്റെ ഭാഗമായിരുന്നില്ല. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ് പാർട്ടിയിൽ ചേർന്നതെന്നും അർച്ചന പറഞ്ഞു.
Read more
ഉദ്ഗിറിലെ ലൈഫ്‌കെയർ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൻ്റെ ചെയർപേഴ്‌സൺ കൂടിയാണ് അർച്ചന. ഇവരുടെ ഭർത്താവ് ശൈലേഷ് പാട്ടീൽ ചകുർകർ മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.