നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി; കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണെന്ന് കോടതി; രാഹുലിനും സോണിയയ്ക്കും നോട്ടീസ് നല്‍കില്ല

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയുടേതാണ് തീരുമാനം. മേയ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണെന്നും ജഡ്ജി വിശാല്‍ ഗോഗ്‌നെ ചൂണ്ടിക്കാട്ടി. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇഡിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നോട്ടീസ് നല്‍കേണ്ടതിന്റെ ആവശ്യകത ഇഡി ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ കോടികള്‍ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്.

Read more

2014ല്‍ സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സിബിഐയും ഇഡിയും അന്വേഷണം തുടങ്ങിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേര്ണല്‍ ലിമിറ്റഡിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടമാരായ യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. 2000 കോടിക്കടുുത്ത് വിലവരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്ത് 50 ലക്ഷം രൂപക്ക് തട്ടിയെടുത്തുനെന്നുവെന്നായിരുന്നു കേസ്.