ബിജെപി നേതാവിന് നേരെ ഏഴ് റൗണ്ട് വെടിയുതിര്‍ത്തു; വാഹനത്തിന് നേരെ ബോംബേറ്; കൊല്‍ക്കത്തയില്‍ ജനജീവിതം സ്തംഭിച്ചു

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു. യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി ബന്ദ്.

കഴിഞ്ഞ ദിവസം സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രസിഡന്റ് സുകന്ദ മജുംദാറിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് ബിജെപി 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചത്. അതേസമയം ബിജെപി നേതാവിന്റെ വാഹനം ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ബിജെപി നേതാവ് പ്രിയാംഗു പാണ്ഡയുടെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി നേതാവിന്റെ ആരോപണം. അക്രമി സംഘത്തില്‍ 50ഓളം ആളുകള്‍ ഉണ്ടായിരുന്നതായും അക്രമികള്‍ തനിക്കുനേരെ ഏഴ് റൗണ്ട് വെടിയുതിര്‍ക്കുകയും ബോംബെറിയുകയും ചെയ്തതായും പ്രിയാംഗു പാണ്ഡെ ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ പൊലീസ് നോക്കി നിന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ബിജെപി നടത്തിയ പ്രതിഷേധം പൊലീസ് അടിച്ചമര്‍ത്തിയിരുന്നു. ഹൗറയിലെ സത്രഗച്ചിയില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.