ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസൻ എംപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹർജി കോടതി തള്ളിയതിനാൽ ഇന്ത്യയിൽ എത്തിയാലുടനെ അറസ്റ്റുണ്ടാകും. പ്രജ്വലിനായി കഴിഞ്ഞ ദിവസം എസ്എടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്കാണ് പ്രജ്വൽ കടന്നത്. പ്രജ്വൽ രേവണ്ണയ്ക്ക് എതിരായ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎൽഎയും പ്രജ്വലിന്റെ പിതാവുമായ എച്ച്ഡി രേവണ്ണയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്വലിന്റെ മടക്കം.

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് പ്രജ്വൽ ഉള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. പ്രതിയുടെ നീക്കങ്ങൾ എസ്ഐടി നിരീക്ഷിച്ച് വരികയായിരുന്നു. പ്രജ്വലിനെതിരെ ഇന്റർപോളുമായി സഹകരിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും നീക്കമുണ്ടായിരുന്നു.

പ്രജ്വല്‍ കീഴടങ്ങി നിയമ നടപടിക്ക് വിധേയനാകണം എന്ന് കഴിഞ്ഞ ദിവസം ജെഡിഎസ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എച്ച്ഡി കുമാര സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രജ്വലിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹാസന്‍ എംപിയുടെ മടക്കം എന്നാണ് റിപ്പോര്‍ട്ട്. പ്രജ്വൽ രേവണ്ണ ഇന്ത്യയിലേക്ക് ഇന്ന് തിരിച്ചെത്തുമെന്ന് കഴിഞ്ഞദിവസം ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സിഎസ് പുട്ടരാജു പറഞ്ഞിരുന്നു.