തമിഴ്‌നാട് കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ അറസ്റ്റില്‍. തെലുങ്ക് പാളയം പിരിവില്‍ വാടകയ്ക്ക് താമസിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ബി ആനന്ദനെന്ന 46കാരനാണ് കേസില്‍ അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.
പ്രതി ആനന്ദിന്റെ വീടിന് സമീപമാണ് പരാതിക്കാരി ഉള്‍പ്പെടെ അഞ്ച് പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്. പ്രതി നിരന്തരം പരാതിക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടികള്‍ വീടിന്റെ മുന്‍വാതില്‍ പൂട്ടാന്‍ മറന്നുപോയിരുന്നു. ഇത് മനസിലാക്കിയ പ്രതി ബുധനാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.
തുടര്‍ന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മുറിയിലേക്ക് കടന്നുകയറി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ശെല്‍വപുരം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.