തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവാദ ആള്‍ദൈവം ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനിലെ നാല് ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസ്. ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ ആദ്യമായല്ല വിവാദങ്ങളുടെ ഭാഗമാകുന്നത്. ഇഷ് ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് നാല് ജീവനക്കാരെ പ്രതി ചേര്‍ത്തിരിക്കുന്നത്.
സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് കേസിലെ ഒന്നാം പ്രതി. മുന്‍ വിദ്യാര്‍ത്ഥി ഒന്നാം പ്രതിയായുള്ള കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ നിഷാന്ത് കുമാര്‍, പ്രീതി കുമാര്‍, പ്രകാശ് സോമയാജി, സ്വാമി വിഭു എന്നിവരാണ് മറ്റു നാല് പ്രതികള്‍. പോക്സോ 9(1), 10, 21(2) എന്നീ വകുപ്പുകളും ഐപിസി 342 വകുപ്പ് പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയുള്ളത്. എന്നാല്‍ പ്രായപൂര്‍ത്തിയാകത്ത വിദ്യാര്‍ത്ഥിയ്‌ക്കെതിരെയുള്ള ലൈഗികാതിക്രമ പരാതിയെ അവഗണിച്ചെന്ന് കാട്ടിയാണ് മറ്റുപ്രതികള്‍ക്കെതിരെ കേസെടുത്തത്. 2017 നും 2019 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം.
കോയമ്പത്തൂര്‍ പേരൂരിലെ വനിതാ പൊലീസ് സ്റ്റേഷനാണ് ഇരയായ വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയില്‍ നടപടിയെടുത്തിരിക്കുന്നത് ജനുവരി 31 നാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് 28 ന് മാത്രമാണ് എഫ്ഐആറിന്റെ കോപ്പി തങ്ങള്‍ക്ക് ലഭിച്ചതെന്നും പൊലീസ് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നും പരാതിക്കാര്‍ പറയുന്നു.
ഇഷ ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌കൂളില്‍ വെച്ച് നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്നാണ് പരാതി. വിദ്യാര്‍ത്ഥി പരാതി നല്‍കിയപ്പോള്‍ നിഷാന്ത് കുമാറും പ്രീതി കുമാറും സ്‌കൂള്‍ പ്രിന്‍സിപ്പലും ജനറല്‍ കേര്‍ഡിനേറ്റര്‍ സ്വാമി വിഭുവും സംഭവം വീട്ടില്‍ പറയരുതെന്ന് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
Read more
2019 മാര്‍ച്ചില്‍ വിദ്യാര്‍ത്ഥി പീഡനവിവരം ഇ മെയില്‍ സന്ദേശത്തിലൂടെ രക്ഷിതാക്കളെ അറിയിക്കുകയും മാതാവ് സ്‌കൂള്‍ മാനേജ്മെന്റിനെ സമീപിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.