ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പ്രജ്വല്‍ ഇതുവരെ ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുത്. പ്രജ്വലിനെതിരെ അന്വേഷണസംഘം നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് പ്രജ്വല്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ വിദേശത്തേക്ക് കടന്നിരുന്നു. നിലവില്‍ പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലാണെന്നാണ് വിവരം. അന്വേഷണ സംഘം നേരത്തെ പ്രജ്വലിനെതിരെ ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗികാരോപണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന് സൂചന നല്‍കി മുന്‍ പ്രധാനമന്ത്രിയും പ്രജ്വലിന്റെ മുത്തച്ഛനുമായ എച്ച്ഡി ദേവഗൗഡ. കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും എതിരെ നടപടിയെടുക്കണമെന്നും ദേശീയ മാധ്യമമായ ന്യൂസ് 18-നോട് ദേവഗൗഡ പറഞ്ഞു.
‘ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കേണ്ടതുണ്ട്. എന്നാല്‍ ഞാന്‍ അവരുടെ പേരുകള്‍ പറയില്ല’ എന്നാണ് ജനതാദള്‍ (സെക്കുലര്‍) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കൂടിയായ ദേവഗൗഡ പറഞ്ഞത്. പ്രജ്വലിനെതിരായ ആരോപണങ്ങളില്‍ ദേവഗൗഡയുടെ ആദ്യ പ്രതികരണമാണിത്. തന്റെ 91-ാം ജന്മദിനത്തിലാണ് മാധ്യമത്തിനോട് ദേവഗൗഡ പ്രതികരിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ ജന്മദിന ആഘോഷങ്ങള്‍ റദ്ദാക്കിയെന്നും ദേവഗൗഡ പറയുന്നു.
Read more
കേസില്‍ ചെറുമകനായ പ്രജ്വലിനെതിരെ നടപടിയുണ്ടാകുമെന്ന് ദേവഗൗഡ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ മകനായ രേവണ്ണയുടെ കാര്യത്തില്‍ പൊലീസ് എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ കണ്ടതാണെന്ന് ആയിരുന്നു ദേവഗൗഡയുടെ പ്രതികരണം. രേവണ്ണയ്ക്ക് കോടതിയില്‍ ജാമ്യം ലഭിച്ചു, ഒരു ഉത്തരവ് കൂടി തീര്‍പ്പാക്കാനുണ്ടെന്നും ദേവഗൗഡ പറഞ്ഞു.