ലൈംഗിക പീഡന പരാതി; കര്‍ണാടകയില്‍ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍

കര്‍ണാടകയില്‍ ബിജെപി നേതാവ് ദേവരാജെ ഗൗഡ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റില്‍. ഹാസനിലെ എംപി പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന വിവരം പാര്‍ട്ടി നേതൃത്വത്തെ കത്തെഴുതി അറിയിച്ചത് ദേവരാജെ ഗൗഡ ആയിരുന്നു. ഹാസനിലെ 36കാരി നല്‍കിയ പരാതിയിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ത്തിയ ഡ്രൈവര്‍ കാര്‍ത്തിക് അത് കൈമാറിയത് ദേവരാജ ഗൗഡയ്ക്കായിരുന്നു. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പങ്കുണ്ടെന്ന് ഗൗഡ നേരത്തെ ആരോപിച്ചിരുന്നു. പ്രജ്വലിന്റെ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക്കിന്റെ അഭിഭാഷകന്‍ കൂടിയാണ് ഗൗഡ.

Read more

ദേവരാജ് ഗൗഡയെ നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് രേവണ്ണയുടെ ലൈംഗിക പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലാണെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ ലൈംഗിക പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിരുന്നുവെന്നും അത് മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നും ഗൗഡ മുന്‍പ് പറഞ്ഞിരുന്നു.