ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണ നാളെ ബംഗളൂരുവിലെത്തും

ലൈംഗിക പീഡന പരാതിയില്‍ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എന്‍ഡിഎയുടെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്. നാളെ പുലര്‍ച്ചയോടെ ബംഗളൂരുവിലെത്തുന്ന പ്രജ്വല്‍ രാവിലെ 10ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം.

കേസില്‍ രാജ്യം വിട്ടതിന് പിന്നാലെ പ്രജ്വലിനെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. 11.20ന് പ്രജ്വല്‍ മ്യൂണിച്ചില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനം കയറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 26ന് ആയിരുന്നു ഹാസനിലെ ലോക്‌സഭ തിരഞ്ഞെടുപ്പ്. ഇതിന് പിന്നാലെയാണ് പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

Read more

വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പ്രജ്വലിനെതിരെ പീഡന പരാതികളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പ്രജ്വല്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിടുകയായിരുന്നു. രണ്ടായിരത്തിലേറെ വീഡിയോ ദൃശ്യങ്ങളാണ് പ്രജ്വലിന്റേതായി പുറത്തുവന്നത്.