ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നതിനെതിരെ വ്യാപകപ്രതിഷേധം. കെട്ടിടങ്ങള്‍ പൊളിക്കാനായി എത്തിയ ബുള്‍ഡോസറുകള്‍ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു.
സൗത്ത് ഡല്‍ഹി കോര്‍പ്പറേഷനാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. കോര്‍പ്പറേഷന്‍ നടപടികള്‍ക്കെതിരെ ജനങ്ങള്‍ ബുള്‍ഡോസറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തി വെച്ചിരുന്നത്. ജഹാംഗീര്‍ പുരിയിലും നേരത്തെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായിരുന്നു. അതേസമയം ജഹാംഗീര്‍ പുരി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കഴിഞ്ഞ മാസം 21ന് പൊളിക്കലിന് എതിരെയുള്ള ഹര്‍ജികള്‍ പരിഗണിച്ച കോടതി നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചിരുന്നു.