തെക്ക് കിഴക്കൻ ഡൽഹിയിലെ ഷഹീൻ ബാഗിൽ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രതിഷേധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ 69 ദിവസമായി അടഞ്ഞുകിടന്നിരുന്ന രീദാബാദിനെ നോയിഡയുമായി ബന്ധിപ്പിക്കുന്ന റോഡ് സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥരുടെ ഇടപെടലിന് തുടർന്ന് വെള്ളിയാഴ്ച രാവിലെ തുറന്നതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
അതേസമയം നോയിഡയെ ഡെൽഹിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്.
ഡൽഹി നോയിഡ ഡൽഹി ഫ്ലൈവേയിലൂടെയും ആശ്രമിലൂടെയും ഗതാഗതം വഴിതിരിച്ചുവിട്ടതുമൂലം വൻ തിരക്ക് നേരിടുന്ന ഡൽഹിയും നോയിഡയും തമ്മിലുള്ള ഗതാഗത നീക്കത്തിന് ഭാഗികമായ ശമനം ഇതുമൂലം ഉണ്ടാവും.
പൗരത്വ നിയമ ഭേദഗതി റദ്ദാക്കുന്നത് വരെ പ്രതിഷേധ വേദി ഉപേക്ഷിക്കാൻ വിസമ്മതിച്ച പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ പ്രതിസന്ധി നേരിട്ടെങ്കിലും ചില റൂട്ടുകൾ തുറക്കാനുള്ള സാധ്യത സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥർ ഇന്നലെ സൂചിപ്പിച്ചിരുന്നു.
തെക്കുകിഴക്കൻ ഡൽഹിയെ ഉത്തർപ്രദേശിലെ നോയിഡയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് തടഞ്ഞ പ്രതിഷേധക്കാരുമായി രണ്ടാം ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവർ വഴിതുറക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ആദ്യം സംസാരിച്ചത്.
2019 ഡിസംബർ 15 നാണ് ഡൽഹിയെ നോയിഡയുമായി ബന്ധിപ്പിക്കുന്ന റോഡ് 13എയിൽ ഷഹീൻ ബാഗ് പ്രതിഷേധം ആരംഭിച്ചത്. ഇത് നോയിഡ, ഡൽഹി, ഫരീദാബാദ് എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കടുത്ത ഗതാഗത പ്രതിസന്ധി സൃഷ്ടിച്ചു.