സമരം രണ്ടാം ഘട്ടത്തിലേക്ക്; ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ അമിത് ഷായുടെ വസതിയിലേക്ക്  മാര്‍ച്ച് നടത്തും 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തുമെന്ന് ഷാഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സമര സമിതി അറിയിച്ചു. പൗരത്വ നിയമ ഭേദഗതി എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് അമിത് ഷായെ കാണുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. ആഭ്യന്തരമന്ത്രിയെ കാണാൻ ഒരു പ്രതിനിധി സംഘത്തെയും അയയ്‌ക്കില്ല. മറിച്ച് ഓരോ വ്യക്തിയും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

Read more

അതേസമയം, അമിതാ ഷായുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഷായുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.