പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധം നടത്തുന്നവരുമായി മധ്യസ്ഥ ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച സംഘം കോടതിയിൽ മുദ്രവെച്ച കവറിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മധ്യസ്ഥ ശ്രമങ്ങൾക്കായി നിയമിതരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ അഭിഭാഷക സാധന രാമചന്ദ്രൻ എന്നിവരാണ് ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചിന് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് പരിശോധിച്ച ബെഞ്ച് ഇത് പരിശോധിക്കുമെന്നും ഫെബ്രുവരി 26 ന് വാദം കേൾക്കുമെന്നും അറിയിച്ചു. ഈ ഘട്ടത്തിൽ കേന്ദ്രം സർക്കാർ ഡൽഹി പൊലീസ് എന്നിവരെ പ്രതിനിധീകരിക്കുന്ന ഹർജിക്കാരുമായും അഭിഭാഷകരുമായും മധ്യസ്ഥസംഘത്തിന്റെ റിപ്പോർട്ട് പങ്കിടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.