എൻ.സി.പി നേതാവ് അജിത് പവാറിനോട് എൻ.സി.പി മേധാവി ശരദ് പവാർ ക്ഷമിച്ചുവെന്നും അജിത് പവാർ പാർട്ടി കുടുംബത്തിൽ തിരിച്ചെത്തിയതായും പാർട്ടി നേതാവ് നവാബ് മാലിക് പറഞ്ഞു. മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാൻ ഉപമുഖ്യമന്ത്രിയാവുകയും പിന്നീട് സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത അജിത് പവാർ പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് തിരികെയെത്തുമെന്നും നിയമസഭാ കക്ഷി നേതാവാകുമെന്നും സൂചനയുണ്ട്. അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
അജിത് പവാർ തന്റെ തെറ്റ് സമ്മതിച്ച് ക്ഷമ ചോദിച്ചതിന് ശേഷം ശരദ് പവാർ ക്ഷമിച്ചുവെന്ന് എൻസിപിയുടെ നവാബ് മാലിക് പറഞ്ഞു. സർക്കാരിൽ അജിത് പവാറിന്റെ പങ്ക് ഉടൻ തീരുമാനിക്കുമെന്നും മാലിക് കൂട്ടിച്ചേർത്തു. ബി.ജെ.പിയോടൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അജിത്ത് പവാറിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു നീക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെ തിരഞ്ഞെടുക്കുകയും ചെയ്തു.