രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലന്ന് വ്യക്തമാക്കി എൻസിപി അധ്യക്ഷൻ ശരദ് പവാർ. സജീവ രാഷ്ട്രീയത്തിലിറങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച യോഗത്തിലാണ് ശരദ് പവാർ തന്റെ അഭിപ്രായം പറഞ്ഞത്.
തിരഞ്ഞെടുപ്പ് വിജയിക്കാൻ കൃത്യമായ അംഗബലമില്ലാത്തതിനാൽ പവാർ സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് എൻസിപി നേരത്തേ വ്യക്തമാക്കിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് പവാറിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദേശിച്ചത്
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 22 പാർട്ടികളെയാണ് മമത ബാനർജി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. 16 പേർ യോഗത്തിൽ പങ്കെടുത്തു. ടിആർഎസ്, ആംആദ്മിപാർട്ടി, ശിരോമണി അകാലിദൾ, ബിജു ജനതാദൾ എന്നീ പാർട്ടികളാണ് യോഗത്തിൽ നിന്നും വിട്ടുനിന്നത്. വൈഎസ്ആർ കോൺഗ്രസിനെയും എഐഎംഐഎമ്മിനെയും വിളിച്ചിരുന്നില്ല.
Read more
ഇതിനിടെ സമവായ സാധ്യത തേടി പ്രതിപക്ഷനേതാക്കളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംസാരിച്ചു. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21ന് ഫലം പ്രഖ്യാപിക്കും. ഡല്‍ഹിയിലാണ് വോട്ടെണ്ണല്‍ നടക്കുക.