കര്‍ഷക സമരത്തില്‍ ബിജെപിക്കെതിരെ വീണ്ടും വരുണ്‍ഗാന്ധി. നേരത്തെ ലഖിംപൂര്‍ വിഷയത്തിലും ബിജെപിക്കെതിരായ നിലപാടാണ് വരുണ്‍ഗാന്ധിക്കുണ്ടായിരുന്നത്. 1980ല്‍ കര്‍ഷക സമരത്തെ പിന്തുണച്ച് അടല്‍ ബിഹാരി വായ്‌പേയ് നടത്തിയ പ്രസംഗം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണ്‍ ബിജെപിക്കെതിരെ ഒളിയമ്പെയ്തത്. കര്‍ഷക സമരത്തെ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് വാജ്‌പെയ് മുന്നറിയിപ്പ് നല്‍കുന്ന പ്രസംഗമാണ് വരുണ്‍ഗാന്ധി പങ്കുവെച്ചത്. വലിയമനസുള്ള ഒരു വലിയ നേതാവിന്റെ ബുദ്ധിപരമായ വാക്കുകള്‍ എന്ന തലക്കെട്ടോടെയാണ് വരുണ്‍ഗാന്ധിയുടെ ട്വീറ്റ്.
കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുക. ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത്, കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. കര്‍ഷക പ്രസ്ഥാനത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ കര്‍ഷകരുടെ സമാധാനപരമായ പ്രസ്ഥാനത്തെ അവഗണിക്കാനോ ശ്രമിച്ചാല്‍ ഞങ്ങളും പ്രസ്ഥാനത്തിന്റെ ഭാഗമാകും എന്നാണ് പ്രസംഗത്തില്‍ വാജ്‌പെയ് പറയുന്നത്.
Read more
ലഖിംപൂര്‍ കൂട്ടക്കൊലയില്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് വരുണ്‍ഗാന്ധി. അതിനിടെ വരുണ്‍ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രവേശനവും ചര്‍ച്ചയാകുന്നുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പിന്നണിയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന.