വിവാദ പ്രസംഗത്തിന്റെ വൈറൽ വീഡിയോ യഥാർത്ഥമാണെന്ന് ഷർജീൽ ഇമാമിന്റെ മൊഴി

അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ (എ.എം.യു) അടുത്തിടെ നടത്തിയ പ്രസംഗത്തിന്റെ വൈറൽ വീഡിയോ യഥാർത്ഥമാണെന്ന് ജെഎൻയു ഗവേഷണ വിദ്യാർത്ഥി ഷർജീൽ ഇമാം ഡൽഹി പൊലീസിന് മൊഴി നൽകി.

സില്ലിഗുരി ഇടനാഴി മുറിക്കുന്നതിനെ കുറിച്ച് വിവാദമായ പരാമർശം നടത്തിയതായി ഷർജീൽ ഇമാം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിൽ തന്റെ മുഴുവൻ പ്രസംഗവും അടങ്ങിയിട്ടില്ലെന്ന് ഷർജീൽ ഇമാം വാദിച്ചു.

രാജ്യദ്രോഹത്തിനാണ് ജെഎൻയു വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമിയ മിലിയ ഇസ്ലാമിയയിൽ അദ്ദേഹം നടത്തിയ പ്രസംഗവും വൈറലായ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നടത്തിയ “പ്രകോപനപരമായ” പ്രസംഗവുമാണ് ഡൽഹി പൊലീസ് എഫ്‌ഐ‌ആറിൽ പരാമർശിച്ചിരിക്കുന്നത്.