പ്രതിപക്ഷസഖ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റിയാല്‍ ഭരണകക്ഷി രാജ്യത്തിന്റെ പേര് മാറ്റാനുള്ള മണ്ടന്‍ കളി അവസാനിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യ എന്ന മുന്നണി പേര് പ്രതിപക്ഷം ഉപയോഗിക്കുന്നതിനെ പേടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പേര് മാറ്റല്‍ നടപടിയെന്ന് പരിഹസിക്കുകയാണ് ശശി തരൂര്‍ ചെയ്തത്. സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
പ്രതിപക്ഷ ഐക്യ മുന്നണി പേര് മാറ്റണമെന്ന് പറയുക മാത്രമല്ല, പുതിയ പേര് നിര്‍ദ്ദേശിക്കുക കൂടി ചെയ്തിട്ടുണ്ട് തരൂര്‍. ‘ഭാരത്’ എന്ന് സഖ്യം പേര് മാറ്റുകയാണെങ്കില്‍ അലയന്‍സ് ഫോര്‍ ബെറ്റര്‍മെന്റ്, ഹാര്‍മണി ആന്‍ഡ് റെസ്പോണ്‍സിബിള്‍ അഡ്വാന്‍സ്മെന്റ് ഫോര്‍ ടുമോറോ, BHARAT എന്ന് വിളിക്കാമെന്നാണ് ശശി തരൂര്‍ പോസ്റ്റ് ചെയ്തത്.
ഇന്ത്യയെ ‘ഭാരത്’ എന്നാക്കുന്നതില്‍ ഭരണഘടനാപരമായ എതിര്‍പ്പില്ലെന്നും എന്നാല്‍ ഇന്ത്യയെന്ന പേര് ഒഴിവാക്കുന്ന മണ്ടത്തരം കേന്ദ്ര സര്‍ക്കാര്‍ ചെയ്യില്ലെന്നാണു കരുതുന്നതെന്നും കഴിഞ്ഞ ദിവസം ശശി തരൂര്‍ പ്രതികരിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ചില ഔദ്യോഗിക രേഖകളില്‍ പ്രസിഡന്റ് ഓഫ് ഭാരത്, പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നിങ്ങനെ കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. ജി-20 സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കിയ വിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് നൽകിയതിനെതിരെ വിവാദങ്ങൾ കനത്തിരുന്നു. ഇതിനു പിന്നാലെ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖയിലും ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്ന പരാമർശമാണുള്ളത്. 20-ാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടിയുടെ ഭാഗമായുള്ള ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ സാധാരണ ‘പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് എഴുതാറുള്ളത്.
അതേസമയം രാജ്യത്തിന്റെ പേര് മാറ്റൽ സംബന്ധിച്ച് നടക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ഇതിനിടെ 18ന് ചേരുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഏകപക്ഷീയ ചര്‍ച്ച അനുവദിക്കില്ലെന്ന് സോണിയ വ്യക്തമാക്കി. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വനിത സംവരണ ബില്‍, ഏക സിവില്‍ കോഡ് അങ്ങനെ ചര്‍ച്ച വിഷയങ്ങളെ സംബന്ധിച്ച അഭ്യൂഹങ്ങളുടെ പട്ടിക നീളുന്നുണ്ട്.