കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടര്‍ നീക്കങ്ങളുമായി ശശി തരൂര്‍. പാര്‍ട്ടിക്കകത്ത് മാറ്റങ്ങള്‍ക്കുള്ള നീക്കം തുടരാന്‍ ഉറച്ച തരൂര്‍ ഇത് സംബന്ധിച്ച് വിശ്വസ്തരുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളില്‍ കടുത്ത നിലപാട് വേണ്ടെന്ന് ധാരണ ആയതിനൊപ്പം സംഘടന മാറ്റങ്ങള്‍ക്കായി വാദിക്കാനും തീരുമാനമായി.
തിരഞ്ഞെടുപ്പില്‍ ആയിരത്തിലേറെ വോട്ട് നേടിയ തരൂര്‍ ദേശീയ തലത്തില്‍ ഭാരവാഹിത്വങ്ങളില്‍ അവകാശവാദം ഉന്നയിച്ചേക്കും. പ്രവര്‍ത്തക സമിതി, വര്‍ക്കിംഗ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിശ്ചയിക്കുമമ്പോള്‍ പരിഗണന തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 9385 വോട്ടുകളില്‍ 7897 ഉം നേടിയാണ് ഖര്‍ഗെക്ക് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 416 വോട്ടുകള്‍ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടിയെന്നത് ശ്രദ്ധേയമാണ്.
ഫല പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയിലെത്തി ശശി തരൂര്‍ സന്ദര്‍ശിച്ചിരുന്നു.