സ്വർണക്കടത്ത് പ്രതിയുമായി ബന്ധമുണ്ടെന്ന വ്യാജവാർത്ത നൽകിയതിന് കൈരളി ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ശശി തരൂർ എം.പി. വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് കേസുമായി മുന്നോട്ട് പോകുമെന്ന് കാട്ടിയാണ് കേരള ഹൈക്കോടതി അഭിഭാഷകൻ വഴി തരൂർ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
“തനിക്ക് പരിചയമില്ലാത്ത പ്രധാന പ്രതിയുമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധത്തെപ്പറ്റി വ്യാജവാദങ്ങൾ സൃഷ്ടിച്ച് സംപ്രേഷണം ചെയ്തതിനെതിരെ എന്റെ അഭിഭാഷകൻ 6 പേജുള്ള ഔദ്യോഗിക നോട്ടീസ് സിപിഎം കേരള ടിവി ചാനലിന് അയച്ചിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് അപമാനിക്കപ്പെട്ട് മതിയായി. [പേജ് 1 & 6 അറ്റാച്ച് ചെയ്യുന്നു] ” ശശി തരൂർ തന്റെ ട്വിറ്ററിൽ കുറിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ശശി തരൂര്‍ ജോലി ശിപാര്‍ശ നൽകി എന്നാണ് ചാനൽ ആരോപിച്ചത്. എന്നാൽ പ്രതിയുമായി ഒരു ബന്ധവും ഇല്ല. ജോലി ശിപാര്‍ശയും നൽകിയിട്ടില്ല. ശിപാർശയിൽ ആരും കോൺസുലേറ്റിൽ ജോലിക്ക് കയറിയിട്ടില്ല. അനാവശ്യമായി പേര് വലിച്ചിഴക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശശി തരൂർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത് 2016 ഒക്ടോബറിലാണ്. അന്ന് കേരളത്തിലും കേന്ദ്രത്തിലും താൻ പ്രതിപക്ഷ എം.പിയായിരുന്നു എന്നും ശശി തരൂര്‍ വിശദീകരിച്ചിരുന്നു.