കേരളീയര്‍ക്ക് നന്ദിയറിയിച്ച് കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ. ് നീതി തേടിയുള്ള പോരാട്ടത്തില്‍ തന്റെ കൂടെ നില്‍ക്കുന്ന ധീരരായ കേരളീയരെന്നാണ് ശ്വേത ഭട്ടിന്റെ കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സഞ്ജീവ് ഭട്ടിന്റെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച, നിരുപാധിക പിന്തുണ അറിയിച്ച എം.പിമാരോടുള്ള നന്ദി പേരെടുത്ത് പറഞ്ഞിട്ടുണ്ട്.
കേരളം വളരെ മനോഹരമായ പ്രദേശമാണെന്നാണ് ആളുകള്‍ പറയുന്നത്. പക്ഷേ ഞാന്‍ വിശ്വസിക്കുന്നത് അത് ധീരരും സ്‌നേഹമുള്ളവരുമായ മനുഷ്യരുടെ നാടാണ് അതെന്നാണ്.
പ്രതിസന്ധിഘട്ടങ്ങളിലും വിഷമസ്ഥിതികളിലുമുള്ള ഈ നാളുകളില്‍ നിങ്ങളുടെ പിന്തുണ സഞ്ജീവ് ഭട്ടിന് നീതി തേടിയുള്ള എന്റെ പോരാട്ടത്തിന് കരുത്തേകുന്നു. ഞങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്ന, ധീരതയും കരുണയുമുള്ള ഉല്‍പതിഷ്ണുക്കളായ ഈ മനുഷ്യരോട് ഞാന്‍ കടപ്പാട് അറിയിക്കുന്നു. എം.പിമാരോടുള്ള കടപ്പാട് വ്യക്തിപരമായി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു:
ഞങ്ങളെ വന്നു കണ്ട, പാര്‍ലമെന്റില്‍ സഞ്ജീവ് ഭട്ടിന്റെ വിഷയം ഉന്നയിച്ച ഇ.ടി മുഹമ്മദ് ബഷീര്‍, സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനും അനീതിക്കുമെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ച ബിനോയ് വിശ്വം, നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച കെ സുധാകരന്‍, ഈ പോരാട്ടത്തിനൊപ്പമെന്ന് അറിയിച്ച രമ്യ ഹരിദാസ്, റോജി ജോണ്‍ എം.എല്‍.എ തുടങ്ങിയവരോടുള്ള നന്ദി അറിയിക്കുന്നു. തുടക്കം മുതലുള്ള പിന്തുണയ്ക്കും യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തതിനും സി.കെ സുബൈര്‍, സാജു എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു.
2002- ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്ര മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന് പുറത്താക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ. മൂന്ന് പതിറ്റാണ്ട് മുമ്പ് സഞ്ജീവ് ഭട്ട് ജാംനഗറില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായിരിക്കെ 1990- ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അന്ന് നടന്ന ഒരു വര്‍ഗീയസംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുത്തിരുന്നു.അതില്‍ ഒരാള്‍ പിന്നീട് മോചിപ്പിക്കപ്പെട്ട ശേഷം ആശുപത്രിയില്‍ മരിച്ചുവെന്നതാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കേസില്‍ നീതിയുക്തമായ തീരുമാനത്തിലെത്താന്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് അവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി ജൂണ്‍ 12-ന് സുപ്രീം കോടതി തള്ളിയിരുന്നു.
രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസില്‍ സഞ്ജീവ് ഇപ്പോള്‍ ജയിലിലാണ്. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998-ലാണ് കേസിനാസ്പദമായ സംഭവം.ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ വന്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. 2015- ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.