വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ഷിന്‍ഡെ; 164 പേരുടെ പിന്തുണ

മഹാരാഷ്ട്ര നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. കേവല ഭൂരിപക്ഷത്തെക്കാള്‍ 20 വോട്ട് അധികമായി നേടിക്കൊണ്ടാണ് ഷിന്‍ഡെ വിജയം ഉറപ്പിച്ചത്. 164 പേരുടെ പിന്തുണയാണ് ഷിന്‍ഡെ പക്ഷത്തിന് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 143 വോട്ടായിരുന്നു ആവശ്യം.

അതേസമയം വോട്ടെടുപ്പിന് തൊട്ടുമുമ്പായി ശിവസേനയില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ കൂടി കൂറുമാറി ഷിന്‍ഡെ പക്ഷത്തേക്ക് എത്തി. 40 ശിവസേന എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു.99 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിലും 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിനെക്കാള്‍ എട്ടുവോട്ടാണ് പ്രതിപക്ഷത്തിന് ഇന്ന് കുറഞ്ഞത്. പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് സഭാ നടപടികള്‍ നിയന്ത്രിച്ചത്. രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നലെയാണ് രാഹുലിനെ സ്പീക്കറായി തിരഞ്ഞെടുത്തത്.

Read more

അതേസമയം ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു.ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 11 ന് മറ്റ് ഹര്‍ജികള്‍ക്കൊപ്പം ശിവസേനയുടെ ഹര്‍ജിയും കേള്‍ക്കും.