ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ശിക്ഷ വിധിച്ച് കോടതി. മസ്ഗാവിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സഞ്ജയ് റാവത്തിന് 15 ദിവസത്തെ തടവും 25,000 രൂപ പിഴയും വിധിച്ചത്. 2022ല്‍ ആയിരുന്നു കിരിത് സോമയ്യയ്‌ക്കെതിരെ സഞ്ജയ് റാവത്ത് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത്.
100 കോടിയുടെ ടോയ്‌ലെറ്റ് തട്ടിപ്പ് നടത്തിയെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ ആരോപണം. ശിവസേന(യുബിടി) മുഖപത്രമായ സാമ്‌നയില്‍ ആയിരുന്നു കിരിത് സോമയ്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ മേധ സോമയ്യ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
കിരിത് സോമയ്യയും ഭാര്യ മേധ സോമയ്യയും അനധികൃതമായി കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചെന്നായിരുന്നു ആരോപണം. യുവപ്രതിഷ്ഠന്‍ എന്ന എന്‍ജിഒയുടെ നേതൃത്വത്തില്‍ നടത്തിയ പദ്ധതിയില്‍ 100 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നു.
ഇതിന് പിന്നാലെ സഞ്ജയ് റാവത്ത് അഭിമുഖങ്ങളിലൂടെയും അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. റാവത്തിന്റെ അഭിമുഖങ്ങളും സോമയ്യ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം ഗണേശോത്സവത്തിന് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ പോയി മധുരം കഴിച്ച രാജ്യത്ത് എങ്ങനെ നീതി പ്രതീക്ഷിക്കാന്‍ സാധിക്കുമെന്ന് സഞ്ജയ് റാവത്ത് വിധി വന്ന ശേഷം പ്രതികരിച്ചു.