ലോകസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവേ മഹാരാഷ്ട്രയിലും ‘ഇന്ത്യ’ സഖ്യത്തില്‍ ഭിന്നത രൂഷം. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ 23 എണ്ണമെങ്കിലുമില്ലാതെ മത്സരിക്കില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷം നിലപാട് കടുപ്പിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവുത്താണ് 23 സീറ്റ് വിട്ടുതരണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസ് ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് സീറ്റുകളില്‍ പ്രതീക്ഷ വെയ്ക്കുന്ന ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിനാല തന്നെ 23 സീറ്റുകള്‍ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിന് പാര്‍ട്ടി തയാറാകില്ല.
സീറ്റ് വിഭജനത്തില്‍ ഫോര്‍മുലയൊന്നും തയ്യാറാക്കിയിട്ടില്ല. വിജയിക്കാന്‍ കഴിയുകയെന്നതാണ് പ്രധാനം. ശിവസേനയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റാണ് ചോദിക്കുന്നതെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. സീറ്റുകളുടെ കാര്യത്തില്‍ ശിവസേന ഉദ്ധവ് പക്ഷം കാര്യമായ വിട്ടുവീഴ്ചചെയ്യാത്ത സാഹചര്യത്തിലാണ് സീറ്റുവിഭജനം പ്രതിസന്ധിയിലാകുന്നത്.
സീറ്റുകളുടെ കാര്യത്തില്‍ എന്‍.സി.പി. കാര്യമായ വിലപേശല്‍ നടത്തിയിട്ടില്ല. സീറ്റുവിഭജന ധാരണയുണ്ടാക്കുന്നതിനുമുമ്പ് 48 ലോക്സഭാ സീറ്റുകളിലേക്കും മത്സരിക്കാന്‍ താത്പര്യമുള്ളവരുടെ അപേക്ഷ കോണ്‍ഗ്രസ് ക്ഷണിച്ചത് മുന്നണിയില്‍ കല്ലുകടിയായിരുന്നു.
കക്ഷികള്‍ തമ്മില്‍നടന്ന ചര്‍ച്ചകളില്‍ 20 സീറ്റുകള്‍ വീതം കോണ്‍ഗ്രസും ശിവസേനയും മത്സരിക്കുകയും ബാക്കി എട്ടു സീറ്റ് എന്‍.സി.പി. ശരദ് പവാര്‍ പക്ഷത്തിന് വിട്ടുകൊടുക്കാനും ഏകദേശധാരണയായിരുന്നു. ഇതിനിടയിലാണ് 23 സീറ്റുകള്‍ വേണമെന്ന ആവശ്യം ശിവസേന ഉദ്ധവ് പക്ഷം ഉയര്‍ത്തിയിരിക്കുന്നത്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപി.യും ഒന്നിച്ചുമത്സരിച്ചപ്പോള്‍ സഖ്യത്തിന് 41 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നു. ബി.ജെ.പി. 25 സീറ്റിലും ശിവസേന 23 സീറ്റിലുമാണ് അന്ന് മത്സരിച്ചത്. 18 എണ്ണത്തില്‍ ശിവസേന വിജയിച്ചു. കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യത്തിന് അന്ന് അഞ്ചെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്.