ശിവസേന ഒരിക്കലും ബി.ജെ.പിയുടെ ശത്രുവായിരുന്നില്ലെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രണ്ട് മുൻ സഖ്യകക്ഷികൾ വീണ്ടും ഒരുമിച്ച് വരാൻ സാദ്ധ്യതയുണ്ടോ എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
“ഞങ്ങൾ (സേനയും ബിജെപിയും) ഒരിക്കലും ശത്രുക്കളായിരുന്നില്ല. അവർ ഞങ്ങളുടെ സുഹൃത്തുക്കളാണ് എന്നാൽ അവർക്കെതിരെ പോരാടിയ ആളുകളുമായി ചേർന്ന് അവർ ഒന്നിച്ച് ഒരു സർക്കാർ രൂപീകരിച്ചു, അവർ ഞങ്ങളെ വിട്ടുപോയി,” കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സേനയുമായുള്ള ഒത്തുതീർപ്പിനെക്കുറിച്ചും ചോദിച്ചപ്പോൾ ഫഡ്നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.”രാഷ്ട്രീയത്തിൽ നിലവിലുള്ള സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുക,” ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ സ്വീകരിച്ച നടപടികൾക്കിടയിലാണ് സൗഹൃദ പ്രഖ്യാപനം.
മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യം അസ്ഥിരപ്പെടുത്തുന്നതിനായി പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസിളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ശിവസേനയും എൻസിപിയും ആരോപിച്ചിരുന്നു. സഖ്യകക്ഷിയായ കോൺഗ്രസ് നേതാക്കൾ ശിവസേനക്കെതിരെ നടത്തിയ ചില പരാമർശങ്ങൾ സഖ്യകക്ഷികൾക്കിടയിൽ വിള്ളലുണ്ടെന്ന റിപ്പോർട്ടുകൾക്ക് കാരണമായി. എന്നാൽ അടുത്ത അഞ്ച് വർഷത്തേക്ക് ഉദ്ധവ് താക്കറെ നയിക്കുന്ന സഖ്യത്തിനൊപ്പമാണ് തങ്ങളെന്ന് കോൺഗ്രസ് പിന്നീട് വ്യക്തമാക്കി.
ഈ ആഴ്ച ആദ്യം എൻസിപി നേതാവ് ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സന്ദർശിച്ചിരുന്നു. അതേ ദിവസം കാബിനറ്റ് മന്ത്രി ജീതേന്ദ്ര അവാദ്, ആഭ്യന്തരമന്ത്രി ദിലീപ് വാൾസ് പാട്ടീൽ, ആദിത്യ താക്കറെ തുടങ്ങിയ നേതാക്കളും അദ്ദേഹത്തെ കണ്ടു.
Read more
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താക്കറെ ഒറ്റത്തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഒരു വ്യക്തിഗത മീറ്റിംഗ് ആണെന്ന് വിശദീകരിച്ച ശിവസേന രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞു.