ഈ വർഷം അവസാനം പശ്ചിമ ബംഗാളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുമെന്ന് പാർട്ടി നേതാവ് സഞ്ജയ് റൗത്ത് ഞായറാഴ്ച പ്രഖ്യാപിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ബംഗാളിൽ ശക്തി പ്രാപിച്ച് വരുന്ന ബിജെപിയും തമ്മിലുള്ള മത്സരത്തിനിടയിലേക്കാണ് ശിവസേന രംഗപ്രവേശം ചെയ്യുന്നത്.
പാർട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചർച്ചയ്ക്ക് ശേഷം പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശിവസേന തീരുമാനിച്ചു. ഉടൻ തന്നെ തങ്ങൾ കൊൽക്കത്തയിലെത്തുമെന്ന് എം.പിയും പാർട്ടിയുടെ ഉന്നത വക്താവുമായ സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തു.
ബംഗാളിൽ ഒരു അടിത്തറ കെട്ടിപ്പടുക്കുന്നതിനായി ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നതിനാൽ തന്നെ വരാനിരിക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ വളരെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. 2011ൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ് മൂന്ന് പതിറ്റാണ്ട് കാലം ബംഗാൾ ഒരു കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിനു ശേഷം നിരവധി സംസ്ഥാനങ്ങൾ തങ്ങളുടെ വരുതിയിലാക്കിയ ബി.ജെ.പി, അടുത്ത കാലത്തായി ബംഗാളിനെ തങ്ങളുടെ മുൻഗണനകളിലൊന്നാക്കി മാറ്റി. ഇത് ബി.ജെ.പി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.