മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് തയാറാകാൻ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന; ഒരു വർഷത്തിനുള്ളിൽ താഴെയിറക്കുമെന്ന് ആദിത്യ താക്കറെ

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് തയാറാകാൻ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന രംഗത്ത്. ഒരു വർഷത്തിനുള്ളിൽ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കുമെന്ന് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു.

ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി വൻവിജയം നേരിടുമെന്ന എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ബിജെപിക്കെതിരെ ശിവസേന രംഗത്തുവന്നത്. എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്തുന്നതിനായിട്ട് ആകണം നാം പ്രവർത്തിക്കേണ്ടതെന്നും അഹമ്മദ്നഗറിലെ ശിവസേന റാലിയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

അധികം താമസിക്കാതെ അധികാരത്തിലെത്താൻ നമുക്ക് സാധിക്കും. ഒരു വർഷത്തിനുള്ളിൽ ബിജെപിയെ മാറ്റി നമുക്ക് അധികാരത്തിലെത്താം. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്;-ആദിത്യ താക്കറെ പറഞ്ഞു. മുംബൈ പ്രാദേശിക തിരഞ്ഞെടുപ്പിലാണ് ശിവസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നിലപാടിൽനിന്ന് മാറ്റം വരുത്താൻ അവർ തയാറായില്ല.