രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ “സാമ്ന”. മോദിയുടെ ആധുനിക ഭാരത സ്വപ്നം രൂക്ഷമായ തൊഴിലില്ലായ്മയില്‍ തകര്‍ന്നടിയുകയാണെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പിന്നോടടിക്കുകയാണ്. രണ്ടാം മോദി സര്‍ക്കാരിനെതിരേയുള്ള സാമ്നയുടെ ആദ്യ മുഖപ്രസംഗമാണിത്.
മുത്തലാഖ് നിരോധിച്ചപ്പോഴും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴും “സാമ്ന” മോദിയെ പ്രകീര്‍ത്തിച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രം ഒന്നാംപേജില്‍ നല്‍കി തുടങ്ങിയെന്നതും ശ്രദ്ധേയമാണ്. “പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി” മഹാരാഷ്ട്രയില്‍ നടപ്പാക്കിയതിലെ വീഴ്ചയെ കുറിച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ വിമര്‍ശനവുമായി രംഗത്തു വന്നതിനു പിന്നാലെയാണ് മുഖപ്രസംഗം.
മോദിയുടെ ആധുനിക ഭാരത സ്വപ്നം രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, രാജ്യത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടു കോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തോടൊപ്പം അഴിമതിയും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. നോട്ടു നിരോധനം രാജ്യത്ത് തൊഴിലില്ലായ്മ കൂടാതെ മാന്ദ്യത്തിനും കാരണമായി. മുംബൈയിലും മാന്ദ്യം പിടിമുറുക്കി കഴിഞ്ഞു. ഇതു സാമൂഹിക പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കാവുന്ന സ്ഥിതിവിശേഷമാണുള്ളത്. ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണം നല്‍കാതെ 100 ബിസിനസുകാരെങ്കിലും രാജ്യം വിട്ടു പോയിട്ടുണ്ടെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.