ബി.ജെ.പിയുമായി മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം ശിവസേന മതിയാക്കുന്നു; അടുത്ത തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാട്ടം

മഹാരാഷ്ട്രയില്‍ ശിവസേന എന്‍ഡിഎ വിടുന്നു. 2019 ലെ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കി. എന്നാല്‍ ഫട്‌നാവിസ് മന്ത്രിസഭയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന സൂചന നല്‍കിയില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന് ചേര്‍ന്ന ശിവസേന ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 29 വര്‍ഷം നീളുന്ന കാവി സഖ്യത്തിനാണ് ഇതോടെ വിരാമമാകുന്നത്. ശിവസേന നേതാവ് സഞ്ജയ് റാവത്ത് കൊണ്ടുവന്ന പ്രമേയം യോഗം എെകകണ്‌ഠ്യേന പാസാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുവിഭജനചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇരുപാര്‍ട്ടികളും ഒറ്റക്കൊറ്റക്കാണ് മത്സരിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയുടെ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുകയും ചെയതു.

മഹാരാഷ്ട്രിയില്‍ ഒരുമിച്ച് ഭരണം കൈയ്യാളുമ്പോഴും ബി.ജെ.പിയുമായി എന്നും അകലം പാലിച്ചിരുന്ന ശിവസേന എന്‍ ഡി എ വിടാനുള്ള തീരുമാനം മുമ്പേ തന്നെ എടുത്തിരുന്നു. പാര്‍ലമെന്റിലും പുറത്തും സംസ്ഥാന നിയമസഭയിലും പലപ്പോഴും എന്‍ഡിഎ നയങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ശിവസേന നിലപാടെടുത്തിരുന്നത്.

ബി ജെ പിയുടെ കടുത്ത വിമര്‍ശകരായിരുന്നു ശിവസേന എന്നും. ഒപ്പം നരേന്ദ്രമോദിയുടെ കടുത്ത ശത്രുവും. മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കടുത്ത വിമര്‍ശനവുമായി ശിവസേനയുണ്ടായിരുന്നു. അമിത്ഷായും മോദിയും തങ്ങളെ സ്വന്തം സംസ്ഥാനത്ത് ഒതുക്കുകയാണെന്നും എന്‍ഡിഎയുടെ കീഴില്‍ ശിവസേനയ്ക്ക് ഭാവിയില്ലെന്നുമാണ് അവരുടെ നിലപാട്. എന്‍ഡിയോടൊപ്പം കൂടുന്നത് പാര്‍ട്ടിക്ക് നഷ്ടമേ ഉണ്ടാക്കുവെന്ന തിരിച്ചറിവിലാണ് ശിവസേന ഇങ്ങനെ ഒരു തീരുമാനമെടുത്തത്. എന്നാല്‍ മഹാരാഷ്ട്ര ഭരണത്തില്‍ തത്കാലം തുടരാനാണ് സാധ്യത.