സര്‍ക്കാരിനെ അധിക്ഷേപിച്ച് കൊണ്ട് താന്‍ പോസ്റ്റ് ചെയ്തതായി പറയപ്പെടുന്ന ഒരു ട്വീറ്റ് എങ്കിലും കാണിക്കൂ എന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണങ്ങള്‍ ശരിയാണ് എന്ന് തെളിഞ്ഞാല്‍ താന്‍ രാജിവെക്കും എന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരെയുള്ള മമതാ ബാനര്‍ജിയുെട ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും മമതാ ബാനര്‍ജി ആരോപിച്ചു. പല ഫയലുകളും ഗവര്‍ണര്‍ നോക്കാതെ കെട്ടിക്കിടക്കുകയാണ് എന്നും ആരോപിച്ചിരുന്നു. സര്‍ക്കാരിന് എതിരെയുള്ള അനാവശ്യമായ ട്വീറ്റുകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം ഗവര്‍ണറെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
മമതാ ബാനര്‍ജിയുടെ നടപടിയെ ജനാധിപത്യത്തിനും മനുഷ്യത്വത്തിനുമുള്ള വെല്ലുവിളി എന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ഒരു ഫയലും തന്റെ മേശപ്പുറത്ത് കെട്ടി കിടക്കുന്നില്ല. കെട്ടിക്കിടക്കുന്ന വിഷയങ്ങളില്‍ മറുപടി പറയേണ്ടത് സര്‍ക്കാര്‍ ആണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. അധിക്ഷേപകരമായ ട്വീറ്റ് ഏതാണെന്ന് ചൂണ്ടിക്കാണിക്കാന്‍ താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് എല്ലാ ദിവസവും താജ് ബംഗാളില്‍ നിന്ന് ഭക്ഷണം എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവന തെറ്റാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം തെറ്റായ ആരോപണങ്ങളെ എന്ത് കൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. റിപ്പബ്ലിക് ദിന പരേഡിന് മുമ്പ് മുഖ്യമന്ത്രി തനിക്ക് ആശംസകള്‍ കൈമാറിയില്ല. ഒരു സംസ്ഥാനത്തും ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല എന്നും ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.