മൗനംപാലിക്കുന്നതാണു നല്ലത്; കര്‍ണാടക സര്‍ക്കാരിലെ തമ്മിലടിയില്‍ താക്കീതുമായി ഡികെ; അട്ടിമറി നീക്കം നടത്തുന്നവര്‍ക്കും സിദ്ധരാമയ്യ പക്ഷത്തിനും അത്ഭുതം

കര്‍ണാടക മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കത്തിന് ചുക്കാന്‍ പിടിച്ചുവെന്ന് കരുതുന്ന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ പ്രസ്താവനയില്‍ അത്ഭുതപ്പെട്ട് സംസ്ഥാന നേതൃത്വം. കര്‍ണാടകയില്‍ ഭരണതലത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ നേതാക്കള്‍ക്ക് താക്കീതുമായാണ് അദേഹം രംഗത്തെത്തിയിരിക്കുന്നത്.

പരസ്യപ്രസ്താവനകള്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്നും മൗനംപാലിക്കുന്നതാണു നല്ലതെന്നും നേതാക്കള്‍ക്ക് ഉപമുഖ്യമന്ത്രികൂടിയായ ശിവകുമാര്‍ മുന്നറിയിപ്പു നല്കി.

എന്നാല്‍, താക്കീത് തള്ളുകയാണെന്നും തനിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്നും മന്ത്രി കെ.എന്‍. രാജണ്ണ പറഞ്ഞു. വീരശൈവ ലിംഗായത്, എസ്സി/എസ്ടി ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് മൂന്ന് ഉപമുഖ്യമന്ത്രിമാര്‍വരെ വേണമെന്നാണ് മന്ത്രിസഭയില്‍ ആവശ്യമുയര്‍ന്നത്. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഏക ഉപമുഖ്യമന്ത്രിയായ ശിവകുമാര്‍ പ്രബല വൊക്കലിഗ സമുദായാംഗമാണ്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഡി.കെ ശിവകുമാറിനാണെന്നാണ് സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാരുടെ വാദം. കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതും ഡികെ ശിവകുമാറിനെതിരെയുളള പുതിയ നീക്കമാണ്. ഡി.കെ വിഭാഗം ഉയര്‍ത്തുന്ന അധികാരമാറ്റ ചര്‍ച്ചകളുടെ മുനയൊടിക്കുകയാണ് സിദ്ധരാമയ്യ പക്ഷം ലക്ഷ്യമിടുന്നത്.

ഈ സാഹചര്യത്തിലാണ് വൊക്കലിഗ വിഭാഗത്തിലെ പ്രധാന നേതാവായ ഡി.കെ ശിവകുമാറിന് പിന്തുണയുമായി മഠാധിപതി രംഗത്തെത്തിയത്.
സിദ്ധരാമയ്യയെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പദവി ഡി കെ ശിവകുമാറിന് നല്‍കണമെന്ന് ചന്ദ്രശേഖരാനാഥ് സ്വാമി ആവശ്യപ്പെട്ടത്.