ഇഡി കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി ലഖ്നൗ ജില്ലാ കോടതി യുഎപിഎ കേസില്‍ കാപ്പന് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ കാപ്പന് ജയില്‍ മോചനം സാധ്യമാകു. ഇഡി കേസിലെ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ഒക്ടബോര്‍ 12 ന് പൂര്‍ത്തിയായിരുന്നു.
അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇ ഡി വാദിച്ചത്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിനെ ശരിവെച്ചുകൊണ്ടാണ് കോടതി കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയത്. കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തിയെന്നും ഹത്രാസില്‍ പോയത് മതസൗഹാര്‍ദ്ദം തകര്‍ക്കാനായിരുന്നുവെന്നും പോപ്പുലര്‍ ഫ്രണ്ട് യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുത്തെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഹാത്രസിലേക്ക് പോകും വഴി യുപി സര്‍ക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം ഒന്‍പതിനാണ് സുപ്രീംകോടതി യുഎപിഎ കേസില്‍ ജാമ്യം അനുവദിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പന്‍ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. എന്നാല്‍, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാന്‍ സാധിക്കൂ.
ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ 22 മാസമായി ജയിലില്‍ തുടരുകയാണ്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പന്‍ സുപ്രീംകോടതിയിലെത്തിയത്.