എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നും മാറ്റി. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസ് ഇനി ബുധനാഴ്ച പരിഗണിക്കും.
പലതവണ മാറ്റി വച്ച ശേഷമാണ് ലഖ്നൗ കോടതി ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ ഇരുന്നത്. യുഎപിഎ കേസില്‍ സുപ്രീംകോടതി നേരത്തെ ജാമ്യം നല്‍കിയിട്ടുണ്ട്. യുഎപിഎ കേസില്‍ സുപീം കോടതി നേരത്തെ ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുമായി സിദ്ദിഖിന് ബന്ധമുണ്ടെന്നാണ് ജാമ്യാപേക്ഷ എതിര്‍ത്ത് ഇഡി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍, യുഎപിഎ കേസിലും എന്‍ഐഎ ഇതേ വാദം ഉന്നയിച്ചെങ്കിലും സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു പി പൊലിസ് മഥുര ടോള്‍ പ്ലാസയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. തുടര്‍ന്നാണ് ഇഡിയും കേസെടുത്തത്.