സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. ഏഴ് സൈനികരുടെ അടക്കം 42 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. 2011 പേരെ ഇതുവരെ രക്ഷപെടുത്തി. കാണാതായ 150 പേർക്കായി തിരച്ചിൽ തുടരുകയാണ്.
ചുങ്താമിലെ അണക്കെട്ടിനോട് ചേർന്നുള്ള തുരങ്കത്തിൽ 14 പേർ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ടീസ്റ്റ നദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും ശക്തമായ ഒഴുക്കും അടിഞ്ഞു കൂടിയ ചെളിയും വെല്ലുവിളിയാണ്. പലയിടങ്ങളിൽ നിന്നും ആളുകളെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്തു.
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം മുന്‍കരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ നഗരത്തിലെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനിടെ പ്രളയ ജലത്തിൽ ടീസ്ത നദീ തീരത്തുനിന്ന് ഒലിച്ചുപോയ സൈനികരുടെ ആയുധ ശേഖരം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലാണ് ഷെൽ പൊട്ടിത്തെറിച്ച് ഏഴുവയസുകാരൻ മരിച്ചത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളത്തിൽ നിന്ന് ഒരു സാധങ്ങളും എടുക്കരുതെന്നും ഷെല്ലുകൾക്കും മാറ്റ് ആയുധങ്ങൾക്കും സമാനമായാ എന്തെങ്കിലും കണ്ടാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
സിക്കിമിലെ ടീസ്ത നദിക്കരയിലെ റാങ്ക്‌പോയിലും സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളിലൂടെ പുറത്തുവന്നിട്ടുണ്ട്. വലിയ അളവിലുള്ള വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ ഇവിടെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.