കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരത് സര്‍വീസിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് എകസ്പ്രസ് സില്‍വര്‍ ലൈനിന് ബദലാകുമെന്ന തരത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതി ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ഒഴിവാക്കിയെന്ന് ആരു പറഞ്ഞു എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. നിലവിലുള്ള ഡി.പി.ആര്‍. പ്രായോഗികമല്ല. കേന്ദ്രത്തിന്റെ നിലപാടില്‍ മാറ്റമില്ല. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. വന്ദേഭാരതും സില്‍വര്‍ലൈനും രണ്ടാണ്.
നിലവിലെ വിശദ പദ്ധതി രേഖയില്‍ നിന്നുമാറി സില്‍വര്‍ ലൈനിന്റെ പുതിയ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണെങ്കില്‍ പരിഗണിക്കും എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ശബരി എക്സ്പ്രസ് പദ്ധതിയും ചര്‍ച്ചയിലാണെന്നും പദ്ധതിക്കായുള്ള രണ്ടു വ്യത്യസ്ത മാര്‍ഗങ്ങളെപ്പറ്റി പഠനം നടത്തി വരുകയാണെന്നും മന്ത്രി അറിയിച്ചു.
കെ-റെയില്‍ നടപ്പാക്കാനാകില്ലെന്ന നിലപാട് ആയിരുന്നു നേരത്തേ ബിജെപി സംസ്ഥാന നേതാക്കളും റെയില്‍ മന്ത്രാലയവും സ്വീകരിച്ചിരുന്നത്. പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു.