കോവിഡ്; എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക

കോവിഡ് സ്ഥിരീകരിച്ച പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക. അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ് എന്നും നില ഗുരുതരമാണെന്നും എസ്.പി ബാലസുബ്രഹ്മണ്യം ഒരാഴ്ചയായി ചികിത്സയിൽ കഴിയുന്ന എം‌ജി‌എം ഹെൽത്ത് കെയറിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.

“2020 ഓഗസ്റ്റ് 5 മുതൽ കോവിഡിന്റെ ലക്ഷണങ്ങളാൽ എം‌ജി‌എം ഹെൽത്ത് കെയറിൽ പ്രവേശിപ്പിക്കപ്പെട്ട തിരു എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായിരിക്കുകയാണ്. 2020 ഓഗസ്റ്റ് 13 ന് രാത്രിയിൽ അദ്ദേഹത്തിന്റെ നില വഷളായി. അദ്ദേഹത്തെ ചികിത്സിക്കുന്ന വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി, അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ്, അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. ഗുരുതര പരിചരണ വിഭാഗത്തിലെ വിദഗ്‌ദ്ധരുടെയും സംഘത്തിന്റെയും നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ, അദ്ദേഹത്തിന്റെ ഹീമോഡൈനാമിക്, ക്ലിനിക്കൽ പാരാമീറ്ററുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,” ആശുപത്രിയുടെ പ്രസ്താവനയിൽ പറഞ്ഞു.

Read more

കോവിഡ് ബാധിച്ചതായി ഓഗസ്റ്റ് 5 ന് എസ്.പി.ബി അറിയിച്ചിരുന്നു. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെടാൻ കഴിയുമെന്നും തന്റെ ആരാധകർ ആശങ്കപ്പെടരുതെന്നും അറിയിച്ചുകൊണ്ട് അദ്ദേഹം ഒരു വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.