യെച്ചൂരിക്ക് വന്‍ തിരിച്ചടി; കോണ്‍ഗ്രസുമായി നീക്കുപോക്ക് വേണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി; ജനറല്‍ സെക്രട്ടറിയുടെ രേഖ തള്ളി

കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കാരാട്ടിന്റെ രേഖമതിയെന്നും തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറിയുടെ സീതാറാം യെച്ചൂരിയുടെ പ്രമേയം 31 നെതിരെ 55 വോട്ടിനാണ് തള്ളിയത്.
യെച്ചൂരിയും ബംഗാള്‍ ഘടകവും മുന്നോട്ട് വയ്ക്കുന്ന സഹകരണ നിലപാടിനെ പ്രകാശ് കാരാട്ടും കേരള ഘടകവും ശക്തമായി എതിര്‍ത്തതാണ് വോട്ടിങ്ങിലേക്ക് നീങ്ങിയത്.

കോണ്‍ഗ്രസുമായി സഹകരണം സംബന്ധിച്ച് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ ബംഗാള്‍ ഘടകം കൂടുതല്‍ കടുത്ത പ്രതിസന്ധിയിലേക്ക് പോയേക്കും. ഈ സാഹചര്യം ഒഴിവാക്കാനായി ഇന്നലെ രാത്രി വൈകി പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നെങ്കിലും സമവായം കണ്ടെത്താനായില്ല. സിപിഎം പോളിറ്റ് ബ്യൂറോയിലും തങ്ങളുടെ നിലപാടില്‍ പ്രകാശ് കാരാട്ടും കേരളത്തില്‍ നിന്നുളള പ്രതിനിധികളും ഉറച്ചുനിന്നതാണ് കാരണം.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത 61 അംഗങ്ങളില്‍ 31 പേര്‍ കോണ്‍ഗ്രസുമായി യാതൊരു സഹകരണവും പാടില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അതേസമയം 26 പേര്‍ നീക്കുപോക്കുകള്‍ വേണമെന്ന് ആവശ്യപ്പെട്ടു. നാലംഗങ്ങള്‍ ഇക്കാര്യത്തില്‍ സമവായമാണ് ആവശ്യം എന്നാണ് പറഞ്ഞത്.

Read more

ഭൂരിപക്ഷം തങ്ങള്‍ക്കാണെന്ന് ഉറപ്പായതോടെ ഇക്കാര്യത്തില്‍ വോട്ടെടുപ്പിലേക്ക് പോകാമെന്ന് കോണ്‍ഗ്രസ് വിരുദ്ധ ചേരി ആവശ്യപ്പെട്ടു. വോട്ടെടുപ്പ് ഒഴിവാക്കാന്‍ സീതാറാം യെച്ചൂരി കിണഞ്ഞ് പരിശ്രമിച്ചിരുന്നു. രാത്രി വൈകിയും ഇതേ തുടര്‍ന്ന് പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു. എന്നാല്‍ കടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് എതിര്‍പക്ഷവും വ്യക്തമാക്കിയതോടെയാണ് വോട്ടെടുപ്പിന് വഴിതെളിഞ്ഞത്.