ഗാസയില്‍ അമേരിക്ക ഇടപെട്ട് ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ആന്റണി ബ്ലിങ്കണ്‍ ഇന്ത്യയില്‍ വരുന്ന ദിനം പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഎം

ഗാസയില്‍ അമേരിക്ക ഇടപെട്ട് ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധ സമരങ്ങളിലേക്ക്. ഇന്നു മുതല്‍ 10 വരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ അഞ്ച് ഇടത് പാര്‍ടികള്‍ തീരുമാനിച്ചു.

ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കണും പ്രതിരോധസെക്രട്ടറി ലോയിഡ് ഓസ്റ്റിനും രാജ്യത്ത് സന്ദര്‍ശം നടത്തുന്ന ദിവസങ്ങളാണ് ഇടതുപാര്‍ട്ടികള്‍ സമരങ്ങള്‍ നടത്തുക. പ്രതിഷേധങ്ങളുടെ നടപടിക്രമങ്ങള്‍ സംസ്ഥാനതലങ്ങളില്‍ നിശ്ചയിക്കും. അമേരിക്ക-ഇസ്രയേല്‍ സഖ്യം നടത്തുന്ന പലസ്തീന്‍ വംശഹത്യക്ക് അറുതി വരുത്തണമെന്ന് മോദിസര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും വെടിനിര്‍ത്തലിനായി ഉയരുന്ന രാജ്യാന്തര ശബ്ദത്തില്‍ ഇന്ത്യയും പങ്കുചേരണമെന്നും ഇടതുപാര്‍ടികള്‍ ആവശ്യപ്പെട്ടു.

Read more

ജനറല്‍ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി (സിപിഐ എം), ഡി രാജ (സിപിഐ), ദീപാങ്കര്‍ ഭട്ടാചാര്യ (സിപിഐ എംഎല്‍ ലിബറേഷന്‍), മനോജ് ഭട്ടാചാര്യ (ആര്‍എസ്പി), ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവര്‍ ചേര്‍ന്നാണ് പ്രസ്താവന പുറത്തിറക്കിയത്.