ഗുജറാത്തിലെ കച്ചില്‍ ഹരാമി നല്ലയിലെ ക്രീക്ക് മേഖലയില്‍ നിന്ന് 11 പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) പിടിച്ചെടുത്തതിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ ആറ് പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍. ബി.എസ്.എഫും, വ്യോമസേനയും, ഗുജറാത്ത് തീരദേശ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രണ്ട് ഘട്ടങ്ങളിലായാണ് ഇവരെ പിടികൂടിയത്.
11 ബോട്ടുകളാണ് സൈന്യം പിടിച്ചെടുത്തത്. അതിനാല്‍ കൂടുതല്‍ ആളുകള്‍ കരയിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. തീര മേഖലയില്‍ ഒളിച്ചിരിക്കുകയാണെന്നും സംശയമുണ്ട്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ മൂന്ന് വ്യത്യസ്ത ദിശകളില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം വിന്യസിച്ചിരുന്നു. ചതുപ്പുനിലവും കണ്ടല്‍ക്കാടുകളും വേലിയേറ്റ വെള്ളവും ഉള്ള ഇടമാണെന്നത് സൈനികരുടെ തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
വ്യാഴാഴ്ച നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് ബി.എസ്.എഫ് സംഘം ബോട്ടുകളുടെ സാന്നിധ്യം കണ്ടെത്തിയത് .ഡ്രോണില്‍ സംശയാസ്പദമായ രീതിയില്‍ ബോട്ടുകള്‍ കണ്ടയുടന്‍ സംഘം സ്ഥലത്തെത്തി ഇവ പിടിച്ചെടുക്കുകയായിരുന്നു. ബി.എസ്.എഫിന്റെ സാന്നിധ്യമറിഞ്ഞ് ബോട്ടില്‍ ഉണ്ടായിരുന്നവര്‍ തിരിച്ച് പാകിസ്ഥാന്‍ ഭാഗത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്.
സമുദ്രാതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള ശ്രമം ആണെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കച്ചിലെ ക്രീക്ക് മേഖലയില്‍ പ്രവേശിക്കുന്നതിന് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.