ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആറ് പാർട്ടികളുടെ സംയുക്ത പ്രസ്താവന. കഴിഞ്ഞ ഓഗസ്റ്റിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കാൻ പോരാടുമെന്നും പ്രസ്താവനയിൽ പറയുന്നു. നാഷണൽ കോൺഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, പിഡിപി നേതാവ് മഹബൂബ മുഫ്തി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മൊഹമ്മദ് യൂസഫ് തരിഗാമി, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.
ജനസഖ്യം എന്ന പേരിലാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് മഹബൂബ മുഫ്തിയെ മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാർട്ടികൾ കൈകോർത്തത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തു മാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഈ വര്‍ഷം ഓഗസ്റ്റ് 22- നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്. കശ്മീരിന്റെ പദവി പുനഃസ്ഥാപിക്കാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ടതാണ ഗുപ്കാര്‍ ഡിക്ലറേഷന്‍. ഇതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് യോഗത്തിലെ തീരുമാനം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം നടക്കുന്ന ആദ്യ രാഷ്ട്രീയ യോഗമാണ് ഇന്ന് നടന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ക്രമസമാധാന നില തകരുമോ എന്ന ആശങ്കയും തള്ളിക്കളയാനാകില്ല.