യു.പിയില്‍ ഇന്ന് ആറാംഘട്ടം; വോട്ട് രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം പുരോഗമിക്കുന്നു. 10 ജില്ലകളിലെ 57 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നിയമസഭ പ്രതിപക്ഷ നേതാവും മുതിര്‍ന്ന സമാജ് വാദ് പാര്‍ട്ടി നേതാവുമായ രാം കോവിന്ദ് ചൗധരി, മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ എന്നിവരടക്കം 676 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് യോഗി ആദിത്യനാഥ് മത്സരിക്കുന്നത്. രാവിലെ എട്ടരയോടെ അദ്ദേഹം തന്റെ വോട്ട് രേഖപ്പെടുത്തി. 18 വര്‍ഷത്തിന് ശേഷമാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇതിന് മുമ്പ് 2004ലാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ഗുന്നൗറില്‍ നിന്നാണ് ജനവിധി തേടിയത്..

ഗോരഖ്പൂര്‍, അംബേദ്കര്‍ നഗര്‍, ബല്ലിയ, ബല്‍റാംപൂര്‍, ബസ്തി, ദിയോറിയ, ഖുഷിനഗര്‍, മഹാരാജ്ഗഞ്ച്, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ത്ഥ് നഗര്‍ എന്നീ പത്ത് ജില്ലകളിലാണ് തിരഞ്ഞെടുപ്പ്. 403 മണ്ഡലങ്ങളിലേക്ക് ഏഴ്ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 292 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. മാര്‍ച്ച് 7നാണ് അവസാനഘട്ടം തിരഞ്ഞെടുപ്പ്. 10നാണ് വോട്ടെണ്ണല്‍.