മധ്യപ്രദേശിലെ സ്കൂളില്‍ ഒന്നാംക്ലാസുകാര്‍ക്ക് മാര്‍ക്കിന് പകരം സ്മൈലി

മധ്യപ്രദേശില്‍ ഒന്നും രണ്ടും ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ മാര്‍ക്കിന് പകരം സ്‌മൈലി നല്‍കാന്‍ തീരുമാനം. പാഠ്യപദ്ധതി തയ്യാറാക്കുന്ന രാജ്യ ശിക്ഷാ കേന്ദ്രയുടേതാണ് തീരുമാനം.

പഠനത്തില്‍ കുട്ടി മികച്ച നിലവാരം പുലര്‍ത്തുന്നുവെങ്കില്‍ രണ്ട് സ്‌മൈലിയും കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെങ്കില്‍ ഒരു സ്‌മൈലിയും നല്‍കും. മത്സരബുദ്ധിയോടെ പഠിക്കാന്‍ മാതാപിതാക്കളും കുട്ടികളെ നിര്‍ബന്ധിക്കാറുണ്ട്. എന്നാല്‍ ചെറിയ ക്ലാസു മുതല്‍ കുട്ടികള്‍ക്ക് മാര്‍ക്കിന്റെയും പഠനത്തിന്റെയും സമ്മര്‍ദ്ദം നല്‍കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് രാജ്യ ശിക്ഷ കേന്ദ്ര ഡയറക്ടര്‍ ലോകേഷ് ജാദവ് പറഞ്ഞു.

ഓറല്‍ പരീക്ഷയുടെയും പ്രവര്‍ത്തി പരിചയ പരീക്ഷയുടെയും അടിസ്ഥാനത്തില്‍ കുട്ടികളുടെ നിലവാരം പരിശോധിക്കും എന്നാല്‍ ഒരു കാരണവശാലും മാര്‍ക്ക് നല്‍കില്ല.