കാരാട്ടിന്റെ വിജയം എന്നത് മോഡിയുടെ വിജയമാണെന്ന് മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി. സിപിഎമ്മിലുണ്ടായ നിലവിലെ പ്രതിസന്ധിക്ക് കാരണം മുൻ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്ന് സോമനാഥ് ചാറ്റർജി പറഞ്ഞു.
ഞായറാഴ്ച നടന്ന വോട്ടെടുപ്പിന് ശേഷം യെച്ചൂരി രാജിവെച്ചിരുന്നെങ്കിൽ പാർട്ടി നാശത്തിന്റെ പാതയിലേക്ക് പോകുമായിരുന്നെന്നും അതേസമയം പാർട്ടി കെട്ടിപ്പടുക്കാൻ യെച്ചൂരി കഠിനമായി ശ്രമിക്കുകയാണ്. എന്നാൽ സഹിഷ്ണുതയ്ക്ക് ഒരു പരിധി ഉണ്ടെന്നും ചാറ്റർജി പറഞ്ഞു. ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരർത്ഥത്തിൽ കാരാട്ടിന്റെ വിജയം മോഡിയുടേത് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ജനറൽ സെക്രട്ടറിയുടെ കാലത്ത് പാർട്ടി വംശനാശം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും തീരുമാനങ്ങളും പാർട്ടിക്ക് ഒരുപാട് ദോഷം ചെയ്തു.
ബിജെപി-തൃണമൂൽ കോൺഗ്രസ് തുടങ്ങിയ വിനാശകാരികളായ ശക്തികളിൽ നിന്നും ജനങ്ങളെ മോചിപ്പിക്കേണ്ട സമയായിരിക്കുന്നു. കോൺഗ്രസുമായുള്ള സഹകരണം ഈ അവസ്ഥയിൽ അനിവാര്യമാണെന്നും പാർട്ടി അംഗങ്ങൾ ഇപ്രകാരം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.