മനുഷ്യാവകാശങ്ങളെ ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്കായി മുതലെടുക്കുന്നു എന്നും ഇത് ജനാധിപത്യത്തെ ഹനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞു. ചില വിഷയങ്ങളിൽ മാത്രം മനുഷ്യാവകാശ ലംഘനം കാണുന്ന സമീപനം രാജ്യത്തിന്റെ പ്രതിച്ഛായയെ ഇല്ലാതാക്കുന്നു എന്നും മോദി ആരോപിച്ചു.
“ചില ആളുകൾ ചില സംഭവങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ കാണുന്നുണ്ടെങ്കിലും സമാനമായ മറ്റ് സംഭവങ്ങളിൽ അത് കാണുന്നില്ല. വിവേചനപരമായ ഈ സമീപനം ജനാധിപത്യത്തിന് ഹാനികരമാണ് രാഷ്ട്രീയ കണ്ണിലൂടെ കാണുമ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
“മനുഷ്യാവകാശത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുന്നു … നമ്മൾ അതിനെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. രാഷ്ട്രീയ ലാഭ നഷ്ടങ്ങൾ നോക്കി മനുഷ്യാവകാശങ്ങളെ സമീപിക്കുന്നത് ഈ അവകാശങ്ങളെയും ജനാധിപത്യത്തെയും ദോഷകരമായി ബാധിക്കും,” ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28 -ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മോദി പറഞ്ഞു.
“ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും ഒപ്പം നമ്മുടെ ചരിത്രവും മനുഷ്യാവകാശങ്ങൾക്കുള്ള പ്രചോദനത്തിന്റെയും മൂല്യങ്ങളുടെയും വലിയ ഉറവിടമാണ്,” മോദി കൂട്ടിച്ചേർത്തു.
ഈ മാസമാദ്യം യുപിയിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകർ കൊല്ലപ്പെട്ടതിൽ ദേശീയ രോഷം ഉയരുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം, പ്രതികളിലൊരാളായ കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുടെ മകനെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ആരോപണമുണ്ട്.
സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്ന നാല് കർഷകർക്ക് മേൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ മകൻ വാഹനം ഇടിച്ചു കയറ്റി കൊല്ലുകയായിരുന്നു.