രഹസ്യാന്വേഷണ വീഴ്ച ചര്‍ച്ച ചെയ്യേണ്ടതില്ല; മൊസാദിന് വരെ തെറ്റുപറ്റി; ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനമില്ല; ഇന്ത്യ തിരിച്ചടിക്കും; പാക്കിസ്ഥാന്‍ അത് അര്‍ഹിക്കുന്നുവെന്ന് തരൂര്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന് ശശി തരൂര്‍ എംപി. പഹല്‍ഗാം ഭീകരാക്രമണം തടയുന്നതിലെ രഹസാന്വേഷണ വീഴ്ച ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും അദേഹം പറഞ്ഞു.

സുരക്ഷാ വീഴ്ച്ച സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പിന്നെ ആവശ്യപ്പെടാം. വീഴ്ചകളില്ലാത്ത ഇന്റലിജന്‍സ് സംവിധാനം എന്നൊന്നില്ല. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടേണ്ടതെന്നും രാജ്യം ഒറ്റെക്കെട്ടായി ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടി രാജ്യത്തിന്റെ ആവശ്യമാണ്. വിജയകരമായി ഇല്ലാതാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മള്‍ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മള്‍ അറിയുന്നത്. ഏതൊരു രാജ്യത്തും ഇത് സ്വാഭാവികമാണെന്നും. ഇസ്രയേലിലെ മെസാദിന് വരെ വീഴ്ച്ചകളുണ്ടായി. അത് ഏത് രാജ്യത്തിനും ഉണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ പങ്കില്ലെന്ന പാകിസ്താന്റെ നിലപാട് പതിവ് വാദം മാത്രമാണ്. ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഭീകരര്‍ക്ക് പരിശീലവും ആയുധങ്ങളും നല്‍കുന്നുണ്ട്. എല്ലാ ഉത്തരവാദിത്തങ്ങളും പാകിസ്ഥാന്‍ നിഷേധിക്കുന്നതാണ് പതിവെങ്കിലും പീന്നീട് വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടാറുണ്ട് എന്നും ശശി തരൂര്‍ വ്യക്തമാക്കി.

2016 ലെ ഉറി ആക്രമണം, 2019 ലെ പുല്‍വാമ സംഭവത്തിനും ശേഷം ഇന്ത്യ ശക്തമായ തിരിച്ചടിച്ചിരുന്നു. ഇത്തവണ പാകിസ്ഥാന് അതിനേക്കാള്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശക്തമായ സൈനിക നീക്കം ഒഴിവാക്കാന്‍ കഴിയില്ലെന്നും തരൂര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നും ശക്തമായ ഒരു നടപടി രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് എന്തായിരിക്കുമെന്ന്, എവിടെയായിരിക്കുമെന്ന്, എപ്പോള്‍ ആയിരിക്കുമെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ പ്രതികരണം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read more

പാക്ക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പ്രകോപനപരമായ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നല്‍കി. സിന്ധു നദിയിലൂടെ ഒന്നുകില്‍ വെള്ളം ഒഴുകും അല്ലെങ്കില്‍ ഇന്ത്യക്കാരുടെ ചോര ഒഴുകുമെന്നാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്. ഇത് വെറും പ്രകോപനപരമായ പ്രസ്താവനയാണെന്നു ശശി തരൂര്‍ പറഞ്ഞു. പാക്കിസ്ഥാനികളെ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അവര്‍ നമ്മളോട് എന്തെങ്കിലും ചെയ്താല്‍ പ്രതികരിക്കാന്‍ തയാറാകുക. രക്തം ഒഴുകുകയാണെങ്കില്‍, അത് നമ്മുടേതിനേക്കാള്‍ കൂടുതല്‍ അവരുടേതായിരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.