നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല; കേന്ദ്രത്തില്‍ സര്‍ക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും മമത ബാനര്‍ജി

മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ന് വൈകിട്ട് 7.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും സിഎഎ റദ്ദാക്കണമെന്ന ആവശ്യമുള്‍പ്പെടെ ഇനിയും ഉയര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായി മമത ബാനര്‍ജിയെ തെരഞ്ഞെടുത്തു. സുദീപ് ബന്ദ്യോപാധ്യായ ലോക്‌സഭ കക്ഷി നേതാവായി തുടരും. കാകോലി ഘോഷാണ് ലോക്‌സഭ ഡെപ്യൂട്ടി ലീഡര്‍. ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജി. രാജ്യസഭ കക്ഷി നേതാവ് ഡെറിക് ഒബ്രിയാന്‍. സാഗരിക ഘോഷ് ഡെപ്യൂട്ടി ലീഡര്‍ പദവി വഹിക്കുമെന്നും മമത അറിയിച്ചു.

മൂന്നാം മോദി സര്‍ക്കാരില്‍ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രിസ്ഥാനം നല്‍കും. ആവശ്യപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാത്തപക്ഷം മന്ത്രിസഭയില്‍ ചേരില്ലെന്നും പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നും 16 എംപിമാരുള്ള ടിഡിപി നിലപാടെടുത്തതോടെയാണ് ബിജെപി വഴങ്ങിയത്. റാം മോഹന്‍ നായിഡു, ഹരീഷ് യോഗി, ദഗ്ഗുമാല പ്രസാദ് എന്നിവര്‍ മന്ത്രിമാരാകും. നാലാംമന്ത്രി ആരെന്ന് വ്യക്തതയില്ല. ജെഡിയുവിന്റെ മുതിര്‍ന്ന നേതാക്കളായ ലലന്‍ സിങ്ങും രാംനാഥ് ഠാക്കൂറും മന്ത്രിമാരാകും.

Read more

രണ്ടാം മോദി സര്‍ക്കാര്‍ ഭാരത്രത്‌ന നല്‍കിയ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന്റെ മകനാണ് രാംനാഥ്. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിക്കും മന്ത്രിസ്ഥാനം നല്‍കും. എന്‍ഡിഎയിലെ ചെറുകക്ഷികള്‍ക്ക് സഹമന്ത്രിസ്ഥാനങ്ങള്‍ നല്‍കും. സ്പീക്കര്‍ പദവി ബിജെപി വിട്ടുകൊടുക്കില്ല. മന്ത്രിപട്ടികയില്‍ സുരേഷ് ഗോപി സ്ഥാനംപിടിക്കും. ഇന്നു വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നോത്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ എന്നിവര്‍ അതിഥികളായെത്തും.