മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യം ഉറപ്പിക്കാന്‍ ഓണ്‍ലൈന്‍ യോഗം വിളിച്ച് സോണിയഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഓഗസ്റ്റ് 20ന് പ്രതിപക്ഷത്തെ പ്രമുഖരുടെ യോഗം വിളിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. കര്‍ഷിക നിയമം, പെഗാസസ് എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ എതിര്‍ത്തുകൊണ്ട് പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തില്‍ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരുന്നു. തുടര്‍ന്നും ഐക്യം നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഓണ്‍ലൈന്‍ യോഗത്തിനുശേഷം ഡല്‍ഹിയില്‍ വിരുന്ന് സംഘടിപ്പിക്കാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ചും യോഗവും ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. 2024 തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് കീഴില്‍ അണിനിരത്താനാണ് പുതിയ നീക്കം.
കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പിറന്നാളിനോടനുബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ ജന്മദിനത്തില്‍ നടന്ന വിരുന്നില്‍ പി ചിദംബരം, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തെങ്കിലും നെഹ്‌റു കുടുംബത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. എന്‍സിപി നേതാവ് ശരദ് പവാര്‍, തൃണമൂല്‍ എംപി ഡെറക് ഒബ്രിയന്‍, ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡിഎംകെ നേതാവ് തിരുച്ചി ശിവ, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കള്‍ കപില്‍ സിബലിന്റെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും പ്രതിപക്ഷനേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അതേ സമയം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. മുന്‍ നിശ്ചയിച്ച പ്രകാരം നാളെയായിരുന്നു സമാപിക്കേണ്ടിയിരുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധം കാരണം എല്ലാ ദിവസവും നടപടികള്‍ തടസ്സപ്പെട്ടു.