"വായിച്ചു കഴിഞ്ഞപ്പോഴേക്കും തളർന്നു പോയി, പാവം" - ബജറ്റിന് മുന്നോടിയായുള്ള രാഷ്‌ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി; വിവാദമാക്കി ബിജെപി

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തോട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രതികരിച്ചു. പ്രസംഗം അവസാനിക്കുമ്പോൾ രാഷ്ട്രപതി ക്ഷീണിതയായി കാണപ്പെട്ടുവെന്നും “സംസാരിക്കാൻ പ്രയാസമായിരുന്നു” എന്നും സോണിയ പറഞ്ഞു. “അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളർന്നിരുന്നു. അവർക്ക് സംസാരിക്കാൻ വരെ പ്രയാസമായിരുന്നു, പാവം.” ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ പങ്കെടുത്ത സോണിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ സോണിയ ഗാന്ധിയുടെ പരാമർശം വിവാദമാക്കി ഭാരതീയ ജനതാ പാർട്ടി നേതാക്കൾ. ബിജെപി സോണിയ ഗാന്ധിയുടെ അഭിപ്രായത്തെ അപലപിക്കുകയും മുൻ കോൺഗ്രസ് അധ്യക്ഷ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിജെപി അധ്യക്ഷൻ നദ്ദ സോണിയ ഗാന്ധിയോട് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അതേസമയം പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു ഗോത്രവർഗക്കാരിയായ രാഷ്ട്രപതിയെ അംഗീകരിക്കാൻ പ്രതിപക്ഷത്തിൻ്റെ കഴിവില്ലായ്മയെന്ന് അഭിപ്രായപ്പെട്ടു. ഒരു ആദിവാസി സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയായത് ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ ഫ്യൂഡൽ മനോഭാവമാണ് സോണിയയുടെ പ്രതികരണമെന്ന് ബിജെപി എംപി സുകാന്ത മജുംദാർ പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തെ വിരസമെന്നും ബോർ അടിപ്പിക്കുന്നതാണെന്നുമാണ് പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി പറഞ്ഞത്. പൂർണിയ എംപി പപ്പു യാദവ് രാഷ്ട്രപതിയെ സർക്കാരിന്റെ റബ്ബർ സ്റ്റാമ്പ് മാത്രമാണെന്ന് വിശേഷിപ്പിച്ചു. “രാഷ്ട്രപതി ഒരു സ്റ്റാമ്പ് പോലെയാണ്. അവർക്ക് ഒരു പ്രണയലേഖനം വായിച്ചാൽ മതി.” പപ്പു യാദവ് പറഞ്ഞു.