സമ്മർദം താങ്ങാനാകുന്നില്ലെന്ന് കത്തെഴുതി ഐഎഎസ് പരിശീലന വിദ്യാർത്ഥി ജീവനൊടുക്കി.
26കാരിയായ അഞ്ജലി ഗോപ്നാരായൺ എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. ഡൽഹിയിലെ ഓൾഡ് രജീന്ദർ നഗറിലെ വാടക വീട്ടിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം ഡൽഹിയിൽ ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയാണ്.
ജൂലൈ 21-നാണ് അഞ്ജലി ആത്മഹത്യ ചെയ്തത്. വിഷാദരോഗവും സമ്മർദ്ദം താങ്ങാനാവാതെയാണ് അഞ്ജലി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. അതിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്.
‘സോറി മമ്മി പപ്പാ ശരിക്കും മടുത്തു, വിദ്യാർഥികളിൽ നിന്ന് വാടകക്കാർ കൊള്ളയാണ് നടത്തുന്നതെന്നും വാടക കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്നും അഞ്ജലി കത്തിൽ പറഞ്ഞു. ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. നിരവധി ചെറുപ്പക്കാരാണ് തൊഴിലിന് വേണ്ടി ബുദ്ധിമുട്ടുന്നത്. ആദ്യ അവസരത്തിൽ തന്നെ സിവിൽ സർവീസ് നേടണമെന്നായിരുന്നു എന്റെ സ്വപ്നം. പക്ഷേ എന്റെ മാനസികാരോഗ്യം വളരെ മോശമാണ്. ആത്മഹത്യ പരിഹാരമല്ലെന്ന് അറിയാം. പക്ഷെ എന്റെ മുന്നിൽ മറ്റ് മാർഗമില്ല. എന്നെ പിന്തുണച്ച അങ്കിളിനും ആന്റിക്കും നന്ദി’- അഞ്ജലി കുറിച്ചു.
ഒന്നിന് പുറകെ ഒന്നായി നടക്കുന്ന മാരകമായ സംഭവങ്ങൾ ഡൽഹിയിലെ കോച്ചിംഗ് ഇൻഡസ്ട്രിയിൽ തന്നെ ഒരു ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ വീണ് മലയാളിയടക്കം 3 വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒരു വിദ്യാർഥികൂടി മരിച്ചിരിക്കുന്നത്.